മനാമ: ബഹറനിലെ വ്യത്യസ്ത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹിക പ്രവർത്തകരെ ഒരുമിച്ചു ചേർത്തുകൊണ്ട് പ്രവാസി ഒന്നിപ്പ് എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സാഹോദര്യ സംഗമം പ്രവാസി നേതാക്കളുടെ സാന്നിധ്യം കൊണ്ടും സാമൂഹിക വിഷയത്തിലുള്ള ഒന്നിപ്പ് കൊണ്ടും ശ്രദ്ധേയമായി.
പ്രവാസി സമൂഹത്തിൽ സാഹോദര്യത്തിയും സൗഹൃദത്തിന്റെയും സഹകരണവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവാസി വെൽഫെയർ പ്രവാസി ഒന്നിപ്പ് സംഘടിപ്പിച്ചത്. വ്യത്യസ്ത സാമൂഹിക സാംസ്കാരിക ജനസേവന മേഖലകകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരിപാടി സൗഹൃദവും സാഹോദര്യവും പങ്കിട്ട വേദിയായി മാറി.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ പോലും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഭിന്നിപ്പുകളുടെ കാലഘട്ടത്തിൽ ഇത്തരം ഒന്നിപ്പുകൾ ഏറെ പ്രശംസനീയവും ആവേശകരവുമാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാക്ക് പാലേരി പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ചർച്ച ചെയ്ത സംഗമം, ഐക്യത്തിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ശക്തമായി ഓർമിപ്പിച്ചു.
ജാതിമതസംഘടന വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും അടിസ്ഥാനമാക്കി ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പ്രവാസി ഒന്നിപ്പിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. “ പ്രവാസി ഒന്നിപ്പ്” എന്ന പേര് തന്നെ പരിപാടിയുടെ ആത്മാവായി മാറിയതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.